പ്രവാസികൾ ശ്രദ്ധിക്കുക; വിമാനത്തിൽ സീറ്റിന് പണം വാങ്ങി തട്ടിപ്പു നടത്തുന്നതായി പരാതി - Pravasi Voice
Skip to content
Home » പ്രവാസികൾ ശ്രദ്ധിക്കുക; വിമാനത്തിൽ സീറ്റിന് പണം വാങ്ങി തട്ടിപ്പു നടത്തുന്നതായി പരാതി

പ്രവാസികൾ ശ്രദ്ധിക്കുക; വിമാനത്തിൽ സീറ്റിന് പണം വാങ്ങി തട്ടിപ്പു നടത്തുന്നതായി പരാതി

  • by

കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് വരികയായിരുന്നു ഞാൻ. ബോഡിങ് പാസ് എടുക്കുന്ന സമയത്ത്, 500 രൂപ അടച്ചാൽ എമെർജൻസി എക്സിറ്റിന് അടുത്തുള്ള കൂടുതൽ ലെഗ് സ്പേസ് ഉള്ള സീറ്റ് തരാം എന്ന് കൗണ്ടറിലുള്ള പെൺകുട്ടി പറഞ്ഞു.

ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോകുന്ന സമയത്ത് ഒരു പാട് ബുദ്ധിമുട്ടിയത് കാരണം 500 കൊടുത്താലും വേണ്ടില്ല കൂടുതൽ ലെഗ് സ്പേസ് ഉള്ള സീറ്റ് എടുക്കാം എന്ന് തീരുമാനിച്ചു. എനിക്കും കൂടെയുള്ള ആൾക്കും കൂടി 1000 രൂപ അടച്ചു, അവർ രസീതും തന്നു.

19 ആം നമ്പർ വരിയിലെ രണ്ടു ഭാഗത്തുമുള്ള രണ്ടു വിൻഡോ സീറ്റ് ആണ് ഞങ്ങൾക്ക് അനുവദിച്ചിരുന്നത്. എന്നാൽ വിമാനത്തിൽ കേറിയപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായത്.

ഞങ്ങൾക്ക് സീറ്റ് അനുവദിച്ച വരിയുടെ തൊട്ട് മുൻപിലുള്ള സീറ്റുകളാണ് എമെർജെൻസി എക്സിറ്റിന്റെ അടുത്തുള്ള സീറ്റുകൾ. ഞങ്ങൾ അവിടെ എത്തുമ്പോൾ തന്നെ ആ വരിയിലെ ആറ് സീറ്റിലും ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു.

എയർ ഹോസ്റ്റസിനോട് കാര്യം പറഞ്ഞപ്പോൾ അവർ ബോർഡിങ് പാസിൽ രേഖപ്പെടുത്തിയ സീറ്റിലേ ഇരിക്കാൻ പറ്റൂ എന്ന് പറഞ്ഞു. പൈസ അടച്ച രസീത് കാണിച്ചപ്പോൾ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്റെ സൂപ്പർവൈസറോട് സംസാരിച്ചു നോക്കൂ എന്ന് പറഞ്ഞു. എതിർക്കാൻ നിൽക്കാതെ ഞങ്ങൾ കിട്ടിയ സീറ്റിൽ ഇരുന്നു.

അല്പസമയം കഴിഞ്ഞപ്പോൾ സൂപ്പർവൈസർ എന്ന് തോന്നിക്കുന്ന വ്യത്യസ്തമായ യൂണിഫോം ധരിച്ച ഒരാൾ അതിലെ പോകുമ്പോൾ ഞാൻ അയാളോട് കാര്യം പറഞ്ഞു. ഞാൻ പൈസ അടച്ച രസീത് കാണിച്ചപ്പോൾ അടുത്തിരുന്ന രണ്ടു പേര് കൂടി രസീതുമായി എണീറ്റു. അപ്പോഴാണ് ഒരേ സീറ്റിന്റെ പേരിൽ കൂടുതൽ ആളുകളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന് മനസ്സിലായത്.

സൂപ്പർവൈസർ കൗണ്ടറിലേക്ക് വിളിക്കുന്നത് പോലെ ഫോൺ എടുത്തു സംസാരിച്ചു. പിന്നീട് കൗണ്ടറിലെ സ്റ്റാഫിന്റെ അടുത്ത്‌ തെറ്റ് പറ്റിയതാണെന്നും സാധാരണ വിമാനത്തിൽ രണ്ടു വരിയിൽ ലെഗ് സ്‌പേസ് കൂടുതൽ ഉള്ള സീറ്റുകൾ ഉണ്ടാകാറുണ്ടെന്നും, അതറിയാതെ കൗണ്ടറിലുള്ളവർ പൈസ വാങ്ങിയതാണെന്നും പറഞ്ഞു.

പ്രശ്നമില്ല ഞങ്ങൾക്ക് റീഫണ്ട് ചെയ്താൽ മതി എന്ന് പറഞ്ഞപ്പോൾ അയാൾ ശെരിയാക്കാം എന്നും പറഞ്ഞ് ഫോണിൽ റീഫണ്ടിനെ കുറിച്ച് സംസാരിച്ചു കൊണ്ട് മുന്നോട്ടു പോയി. പിന്നീട് ജിദ്ദയിൽ എത്തുന്നത് വരെ അയാളെ പുറത്തേക്ക് കണ്ടില്ല.

ജിദ്ദയിൽ വിമാനം ഇറങ്ങിയ ഉടനെ എന്നെ കൊണ്ടുപോകാൻ വന്ന സുഹൃത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചു. പിന്നെ ആളുകളുടെ ഇറങ്ങാനുള്ള തിരക്കും, എണീറ്റ് നിൽക്കലും എല്ലാം കാരണം, ഒരു 500 രൂപയല്ലേ അത് പോട്ടെ എന്ന് വിചാരിച്ച് വിമാനത്തിൽ നിന്നിറങ്ങി.

സാധാരണ നിലയിൽ ആളുകൾ പരാതിയുമായി പോകാത്തത് കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ വിമാനക്കമ്പനികൾ നടത്തുന്നത്. ഇനി ആരെങ്കിലും പ്രശ്നമാക്കുകയാണെങ്കിൽ അവർക്ക് റീഫണ്ട് ചെയ്ത് പ്രശ്നം പരിഹരിക്കുകയും ചെയ്യാം. എങ്കിലും കൂടുതൽ പേരും ഞങ്ങൾ നാലുപേരുടെയും പോലെ ഒരു 500 രൂപയല്ലേ സാരമില്ല എന്ന് വിചാരിക്കുന്നവരായിരിക്കും.

ജംഷാദ് ജിദ്ദ, മലപ്പുറം

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!