ലെബനനിൽ ഇസ്രായേൽ സൈന്യം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ, മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം.
ടെൽ അവീവിന് പുറത്തുള്ള മൊസാദ് ആസ്ഥാനത്തിന് നേരെ തങ്ങളുടെ പ്രദേശത്ത് നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ശത്രുത പൊട്ടിപ്പുറപ്പെട്ട ഒക്ടോബർ 8 ന് ശേഷം ആദ്യമായിട്ടാണ് ഇസ്രായേലിന് നേരെ ഹിസ്ബുള്ള അവരുടെ ദീർഘദൂര മിസൈൽ പ്രയോഗിക്കുന്നത്.
ഇതുവരെ റോക്കറ്റുകൾ മാത്രം വിക്ഷേപിച്ചിരുന്ന ഹിസ്ബുള്ള, ഈ ആക്രമണത്തിലൂടെ തങ്ങൾക്ക് ബാലിസ്റ്റിക് മിസൈൽ ശേഷി ഉണ്ടെന്നുള്ള സന്ദേശമാണ് ഇസ്രായേലിന് നൽകുന്നത്.
ഹിസ്ബുള്ള ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വച്ച് ഏറ്റവും ദൂരം കൂടിയതാണിത്, കഴിഞ്ഞ ആഴ്ച ഇസ്രായേൽ നടത്തിയ വാക്കി-ടോക്കി, പേജർ ആക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികാരമാണിതെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം കീഴടങ്ങുമോ എന്നാണ് ഇസ്രായേലികളുടെ ഭയം. പ്രതിരോധ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആക്രമണങ്ങൾ ഹിസ്ബുള്ള നടത്തിയാൽ, ആ മിസൈലുകളിൽ ചിലത് ടെൽ അവീവിൽ പതിച്ചേക്കാം.
അതേ സമയം ഇസ്രായേലിലെ ഗോലാൻ കുന്നുകളിലേക്ക് വന്ന ഡ്രോൺ, ഗലീലി കടലിന് തെക്ക് ഭാഗത്ത് ഇസ്രായേലി യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു.
കിഴക്ക് നിന്ന് വിക്ഷേപിച്ച ഡ്രോൺ സിറിയയിൽ നിന്നാണ് ഇസ്രായേലിലേക്ക് പ്രവേശിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
