ലെബനനിനെതിരെ പൂർണ്ണ തോതിലുള്ള യുദ്ധം ആരംഭിച്ചാൽ ഇരുവശത്തും വലിയ നഷ്ടം ഉണ്ടാക്കുമെന്നും രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് ലക്ഷക്കണക്കിന് ഇസ്രായേലികളെ കുടിയൊഴിപ്പിക്കുമെന്നും ഹിസ്ബുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
ലെബനനുമായുള്ള രാജ്യത്തിൻ്റെ വടക്കൻ അതിർത്തിയിൽ സൈനിക നടപടി ആരംഭിക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.
ഒക്ടോബറിൽ ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചതുമുതൽ, ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ ദിവസേന വെടിവെപ്പ് നടത്തുകയാണ്.
ഗസ്സയിലെ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യമായാണ് ഇസ്രായേലിനു മേൽ തങ്ങൾ നടത്തുന്ന ആക്രമണമെന്നും, ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങിയാലുടൻ ഇത് അവസാനിക്കുമെന്നും ലെബനീസ് സായുധ സംഘം പറഞ്ഞു.
അതേസമയം, ഹിസ്ബുള്ളയ്ക്കെതിരെ സമീപഭാവിയിൽ ഒരു വലിയ ആക്രമണം നടത്താൻ നെതന്യാഹു പദ്ധതിയിടുന്നതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 13 റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സൈന്യം ഗസ്സയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ അടുത്തുവെന്നും തുടർന്ന് ലെബനനുമായുള്ള രാജ്യത്തിൻ്റെ വടക്കൻ അതിർത്തിയിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
എഎഫ്പി കണക്കനുസരിച്ച് ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 142 സിവിലിയന്മാർ ഉൾപ്പെടെ 623 പേർ കൊല്ലപ്പെട്ടു, ഹിസ്ബുള്ളയുടെ ആക്രമണത്തിൽ 24 ഇസ്രായേലി സൈനികരും 26 സാധാരണക്കാരും കൊല്ലപ്പെട്ടു.
അതേസമയം, സൗറ സൈറ്റിലെ പീരങ്കി സ്ഥാനങ്ങളും ടിബീരിയാസ് തടാകത്തിൻ്റെ വടക്കുപടിഞ്ഞാറുള്ള യിഫ്താ എലിഫ്ലീറ്റിലെ ആയുധങ്ങളും എമർജൻസി വെയർഹൗസുകളും ഉൾപ്പെടെ ശനിയാഴ്ച ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളിൽ കുറഞ്ഞത് 12 ആക്രമണങ്ങളെങ്കിലും നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
