ഇറാൻ ഇസ്രായേലിനെ ഏത് നിമിഷവും ആക്രമിക്കാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തേക്ക് അമേരിക്ക പുതിയ യുദ്ധകപ്പൽ വിന്യസിച്ചു.
ഇറാനിയൻ പ്രത്യാക്രമണം പ്രതീക്ഷിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തമ്മിൽ ഞായറാഴ്ച നടത്തിയ ചർച്ചയെ തുടർന്നാണ് യുദ്ധകപ്പൽ അയച്ചത്.
ഇറാനിൽ നിന്നോ അല്ലെങ്കിൽ അതിൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയിൽ നിന്നോ ഉള്ള ഏത് ആക്രമണവും വിശാലമായ പ്രാദേശിക യുദ്ധത്തിന് കാരണമാവുകയും, സഖ്യകക്ഷിയായ ഇസ്രായേലിനെ സഹായിക്കാനായി അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാവുകയും ചെയ്യും.
നിരവധി പാശ്ചാത്യ രാജ്യങ്ങളും, സൗദി അറേബ്യ, തുർക്കി, ജോർദാൻ, എന്നീ രാജ്യങ്ങളും ലെബനൻ വിടാൻ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു. നിരവധി എയർലൈനുകൾ ഇസ്രായേൽ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു.
അതേസമയം ഇറാനോട് സംയമനം പാലിക്കണമെന്ന്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രായേലിനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത ഓസ്റ്റിൻ ആവർത്തിച്ചു, വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലുടനീളം യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
സ്ഥിതി വഷളാക്കുന്നതിന് പകരം, ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിൽ നിന്ന് ഇറാനെയും സഖ്യ കക്ഷികളെയും പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് അമേരിക്കയുടെ നടപടി എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
