ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു - Pravasi Voice
Skip to content
Home » ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • by

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് കൊല്ലപ്പെട്ടതായി ലെബനൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ എൻ എയും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.

തീരദേശ ലെബനീസ് നഗരമായ സിഡോണിലെ ഐൻ അൽ-ഹിൽവേയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിലായിരുന്നു അൽ-ഹജ്ജ്. ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റു.

ലെബനനിലെ സിഡോണിൽ വെച്ച് ഹമാസ് അംഗത്തെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രയേലിനെ ആക്രമിക്കാൻ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും അൽ-ഹജ്ജ് ഉത്തരവാദിയാണെന്ന് സൈന്യം ആരോപിച്ചു.

“ലബനൻ്റെ തെക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്ററിലധികം ദൂരവും തലസ്ഥാനമായ ബെയ്‌റൂട്ടിൽ നിന്ന് ഏകദേശം 40 കിലോമീറ്ററും ദൂരെയാണ് സിഡോൺ, സിഡോണിലെ ആക്രമണത്തോടെ ഇസ്രായേൽ ലെബനനിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നുവെന്നാണ് കരുതുന്നത്.

സാമിർ അൽ ഹജ്ജിന്റെ കൊലപാതകത്തെ തുടർന്ന് സിഡോണിൽ ഉടനടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അതെ സമയം ലബനോനിൽ ഇസ്രായേൽ സേന ആക്രമണങ്ങൾ കനപ്പിച്ചു. അതിർത്തിക്കടുത്തുള്ള നിരവധി ലെബനീസ് ഗ്രാമങ്ങളിൽ ഇസ്രായേൽ സേന ഒരേസമയം വ്യോമാക്രമണം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനം ബെയ്റൂട്ടിൽ ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ സൈന്യം വധിച്ചതിന് പകരമായി ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ പ്രതികാര ആക്രമണം നടത്തുമെന്ന് നിരീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേൽ ആക്രമണം കനപ്പിച്ചത്.

അതെ സമയം ഹമാസിൻ്റെ പുതിയ രാഷ്ട്രീയ മേധാവി യഹ്‌യ സിൻവാറിനെ പൂർണമായി പിന്തുണയ്ക്കുന്നതായി ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. സിൻവാറിനെ അംഗീകരിക്കുന്നുവെന്നും, സിൻവാറിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ പൂർണ്ണമായും സന്നദ്ധമാണെന്നും ഹമാസിൻ്റെ സായുധ വിഭാഗത്തിൻ്റെ വക്താവ് അബു ഒബെയ്ദ പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസ് തലവനായിരുന്ന ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഹമാസ്, സിൻവാറിനെ ഈ റോളിലേക്ക് തിരഞ്ഞെടുത്തത്.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!