ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. പ്രഭാത നമസ്കാരം നടക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ആളുകൾ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് റോക്കറ്റുകൾ പതിച്ചതായി ഗാസ നിവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർ തീപിടിച്ച കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്തേക്കുള്ള ജലവിതരണം ഇസ്രായേൽ സൈന്യം വിച്ഛേദിച്ചതിനാൽ തീയിൽ കുടുങ്ങിയവരെ സഹായിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല.
സ്‌കൂൾ ഒരു “ഹമാസ് ആസ്ഥാനം” ആയി ഉപയോഗിക്കുകയാണെന്നും, ആക്രമണത്തിൽ സിവിലിയൻ മരണങ്ങൾ കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
എന്നാൽ ഗാസയ്ക്ക് ചുറ്റുമുള്ള സിവിലിയൻമാരെ ലക്ഷ്യമിടാനും കൊല്ലാനും വേണ്ടി സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രായേലി സൈന്യം നടത്തുന്ന സ്ഥിരം ന്യായീകരണമാണിതെന്ന് പി ഐ ജെ ആരോപിച്ചു.
ഹമാസ് സ്കൂളുകളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന ഇസ്രായേൽ സൈന്യത്തിൻ്റെ ഇതേ അവകാശവാദത്തിന് കീഴിൽ കുറഞ്ഞത് നാല് സ്കൂളുകളെങ്കിലും വടക്കൻ ഗാസയിൽ അവർ കഴിഞ്ഞ ആഴ്ച ആക്രമിച്ചു.
മുമ്പ് ആശുപത്രികൾ ബോംബിട്ടു തകർക്കാൻ അവർ പറഞ്ഞ കാരണം തന്നെയാണ് സ്‌കൂളുകൾക്ക് നേരെ ആക്രമണം നടത്താനും അവർ പറയുന്നത്. എന്നാൽ ഈ യുദ്ധത്തിൻ്റെ 10 മാസങ്ങളിൽ ഒരിക്കൽ പോലും, ഈ അവകാശവാദങ്ങളുടെ തെളിവ് അവർക്ക് കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ പി ജെ വക്താവ് പറഞ്ഞു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
